Thrikkodithanam sachidanandan biography templates

ചുരുങ്ങിയ കാലംകൊണ്ടു് ഒരു മികച്ച ഗായകനായും,നടനായും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനായും ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രതിഭാസമ്പന്നനായ ഒരു സംഗീതജ്ഞനായിരുന്നു തൃക്കൊടിത്താനം സച്ചിദാനന്ദന്‍. യഥാർത്ഥ‌പേരു് സജിത് കുമാർ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഗോകുലത്തില്‍ ഭാഗവതാചാര്യനും അദ്ധ്യാപകനുമായിരുന്ന വെളിനാടു് കൃഷ്ണന്‍ നായരാണു് അച്ഛൻ. അമ്മ - രുഗ്മിണിയമ്മ. സംഗീതജ്ഞരായ എൽ.പി.ആർ വർമ്മ, ട്രിച്ചി ഗണേശ്, തൃക്കൊടിത്താനം പത്മകുമാർ എന്നിവരാണു് ഗുരുക്കൻമാർ. കര്‍ണ്ണാടക സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം വിദേശരാജ്യങ്ങളിലുൾപ്പെടെ ആയിരക്കണക്കിനു വേദികളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ടു്.

പഴയകാല നാടകഗാനങ്ങളും സിനിമാഗാനങ്ങളും സംഗീതക്കച്ചേരിയുടെ ഭാഗമായും കച്ചേരിയുടെരൂപഭാവത്തിലും പാടി അവതരിപ്പിച്ചു് ഏറെ ജനശ്രദ്ധ നേടി പ്രസിദ്ധിയാർജ്ജിച്ചു. ‘സ്വർഗ്ഗം നാണിക്കുന്നു‘ എന്ന നാടകത്തിൽ ശ്രീ വയലാർ രാമവർമ്മ എഴുതി ശ്രീ എൽ പി ആർ വർമ്മ സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ‘പറന്നു പറന്നു പറന്നു ചെല്ലാൻ’ എന്ന ഗാനം കച്ചേരിയുടെ രൂപഭാവത്തിൽ സച്ചിദാനന്ദൻ അവതരിപ്പിച്ചു് ഈ ഗാനത്തെ വീണ്ടും ഏറെ പ്രസിദ്ധമാക്കി. അതുപോലെ ‘പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന’,‘ഈ നീലരാവിൽ’ തുടങ്ങിയ ഒരു പക്ഷെ മറവിയുടെ ആഴങ്ങളിൽ ആണ്ടുപോയിരുന്ന ഒട്ടേറെ മികച്ച പഴയകാലഗാനങ്ങൾ തന്റെ ആലാപനത്തിലൂടെ പുതിയ തലമുറയ്ക്കു് സുപരിചിതമാക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. ഏതാനും ചില ഗാനങ്ങളുടെ സംഗീതസംവിധായകനും രചയിതാവും കൂടിയാണു്. ജയരാജ് സംവിധാനം ചെയ്ത ‘ശാന്തം‘ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടു്. കൂടാതെ നിരവധി ജനപ്രിയസീരിയലുകളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടു്. കുട്ടികളെ സൗജന്യമായി സംഗീതം അഭ്യസിപ്പിച്ചിരുന്ന ഇദ്ദേഹം മ്യൂസിക് തെറാപ്പിയും അഭ്യസിച്ചിരുന്നു. സൂര്യാ ഫെസ്റ്റിവല്‍,നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന സച്ചിദാനന്ദൻ.

കേരള സംഗീതനാടക അക്കാദമി അവാർഡിനു പുറമെ എസ് പി മ്യൂസിക് സ്കൂളിന്റെ സംഗീതശിരോമണി അവാര്‍ഡ്, മധുര ഗാനസുധ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ടു്. കാഞ്ചി കാമകോടി ആശ്രമത്തിലെ ആസ്ഥാനവിദ്വാൻ പദവി അലങ്കരിച്ചിരുന്നു.

അവിവാഹിതനായ ഇദ്ദേഹം ഏറെക്കാലമായി തിരുവനന്തപുരം പാങ്ങോട് ശ്രീചിത്രനഗര്‍ സരോവരത്തിലായിരുന്നു താമസം.സഹോദരങ്ങള്‍: ശ്രീകുമാര്‍, ഗോപകുമാര്‍, കൃഷ്ണകുമാര്‍, സി ആര്‍ ഇന്ദിര. അന്ത്യനിമിഷം വരെ

കലാവേദികളിലും,സീരിയൽ അഭിനയരംഗത്തും സജീവസാന്നിദ്ധ്യമായിരുന്ന തൃക്കൊടിത്താനം സച്ചിദാനന്ദന്‍ എന്ന ഈ അനുഗ്രഹീതകലാകാരന്‍ 2014 ഒക്ടോബർ16 നു് തന്റെ അൻപത്തിരണ്ടാമത്തെ വയസ്സിൽ ഹൃദയാഘാതത്താൽ അകാലത്തിൽ ഈ ലോകത്തുനിന്നും യാത്രയായി.

തയ്യാറാക്കിയതു് - കല്യാണി

LyricistSongs
Uncategorized13
Thrikkodithanam Sachithanandan5
SingersSongs
Thrikkodithanam Sachithanandan18